This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോചേ, ബനദിത്തോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോചേ, ബനദിത്തോ

Croce, Benedetto (1866 - 1952)

പ്രമുഖ ഇറ്റാലിയന്‍ തത്ത്വചിന്തകനും ചരിത്രകാരനും. ഇറ്റലിയിലെ പെസ്കാ സെറോലിയില്‍ 1866 ഫെ. 25-ന് ജനിച്ചു. 1883-ല്‍ ഇഷിയ ദ്വീപിലെ ഭൂകമ്പത്തില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ക്രോചേ മരണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്. 34 വയസ്സുവരെയും ഏകാന്തതയും കഷ്ടതയും അനുഭവിച്ചു. അമ്മാവനായ സില്‍വോസ്പാവന്റയോടൊപ്പം റോമിലും ഒരു കത്തോലിക്കാ ബോഡിങ് സ്കൂളില്‍ നേപ്പിള്‍സിലും താമസിച്ചു പഠിച്ചു. റോമില്‍ അന്റോണിയോ ലബ്രിയോലയുടെ തത്ത്വശാസ്ത്രപ്രഭാഷണങ്ങള്‍ കേള്‍ക്കാനിടയായി. 1903-ല്‍ തുടങ്ങിയ ലാ ക്രിട്ടിക്ക (La Critica) എന്ന സാംസ്കാരിക നിരൂപണ മാസികയിലാണ് തന്റെ ലേഖനങ്ങള്‍ അടുത്ത 41 കൊല്ലക്കാലവും ഇദ്ദേഹം എഴുതിപ്പോന്നത്. 1910-ല്‍ സെനറ്റര്‍ ആയും 1920-ല്‍ വിദ്യാഭ്യാസമന്ത്രിയായും നിയമിക്കപ്പെട്ടു. രണ്ടുകൊല്ലം മന്ത്രിസ്ഥാനത്തു തുടര്‍ന്നു. ലിബറല്‍ ആശയഗതിക്കാരനായ ഇദ്ദേഹം ഫാസിസത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. ഇക്കാര്യത്തില്‍ ബഹുജന പിന്തുണയും നേടി. ലാ ക്രിട്ടിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യനിരൂപണവും സൗന്ദര്യശാസ്ത്രപരമായ ലേഖനങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും കാവ്യനിരൂപകന്‍ എന്ന നിലയില്‍ ക്രോചേ പില്ക്കാലത്ത് പ്രശസ്തനാവുകയും ചെയ്തു. മുസോളിനി അധികാരത്തില്‍ വന്നതോടെ ഇദ്ദേഹം രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി.

ലാ ഫിലോസഫിയാ ഡെല്ലോ സ്പിരിട്ടോ (La Filosofia dello spirito) എന്ന നാലു വാല്യങ്ങളുള്ള ഗ്രന്ഥത്തില്‍ ക്രോചേയുടെ തത്ത്വശാസ്ത്രത്തിന്റെ സാരം അടങ്ങിയിട്ടുണ്ട്. യാഥാര്‍ഥ്യം എന്നത് മനസ് ആകുന്നു. താത്ത്വികതലത്തിലും പ്രായോഗികതലത്തിലും മനസ് പ്രവര്‍ത്തിക്കും. താത്ത്വികതലത്തിലേത് ഉള്‍ക്കാഴ്ചയോ ആശയാവബോധമോ ആണ്. പ്രായോഗികതലത്തിലേത് വ്യക്തിയുടെ ഇച്ഛയോ സമഷ്ടിയുടെ ഇച്ഛയോ ആണ്. മനസ്സിന്റെ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കല, തത്ത്വചിന്ത, ധനശാസ്ത്രം, സന്മാര്‍ഗം എന്നിവ. കലയുടെ രംഗത്ത് ഉള്‍ക്കാഴ്ചയെയാണ് ക്രോചേ കൂടുതല്‍ ആശ്രയിച്ചത്. നിലവിലിരുന്ന പല നിരൂപണ പദ്ധതികളെയും മാറ്റിയെഴുതിക്കാന്‍ ക്രോചേക്കു കഴിഞ്ഞു. ഈ രംഗത്താണ് ഇദ്ദേഹത്തിന്റെ മുഖ്യസംഭാവന. തത്ത്വശാസ്ത്രത്തെ 'ചരിത്രത്തിന്റെ പിന്നിലുള്ള ഒരു മാര്‍ഗദര്‍ശി' എന്നു നിര്‍വചിക്കുകയും, ഹെഗലിനെയും മാര്‍ക്സിനെയും പറ്റി മൗലികമായ പഠനങ്ങള്‍ നടത്തുകയും, ഇവരുടെ ഭൗതികവാദത്തെ ആവുന്നിടത്തോളം അംഗീകരിച്ചുകൊണ്ടുതന്നെ അന്തഃപ്രജ്ഞയുടെ അനിഷേധ്യതയ്ക്കു സ്ഥാനം കൊടുക്കുകയും, ശാസ്ത്രത്തെക്കാള്‍ പ്രാധാന്യം കലയ്ക്കുണ്ട് എന്നു വിശ്വസിക്കുകയും, അതിനാല്‍ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യമാണ് പ്രധാനം എന്ന് നിഗമിക്കുകയും ചെയ്തു, ക്രോചേ എന്ന ദാര്‍ശനികന്‍. പ്രധാനകൃതികളുടെ ഇംഗ്ലീഷ് തര്‍ജുമകള്‍ ഇവയാണ്: ഫിലോസഫി ഒഫ് ദ പ്രാക്റ്റിക്കല്‍ (1913), ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം ആന്‍ഡ് ദ ഇക്കണോമിക്സ് ഒഫ് കാള്‍മാര്‍ക്സ് (1914), ലോജിക് (1917), തിയറി ആന്‍ഡ് ഹിസ്റ്ററി ഒഫ് ഹിസ്റ്ററിയോഗ്രഫി (1921), ഈസ്തെറ്റിക്ക് (1922).

1952 ന. 20-ന് അന്തരിച്ചു.

(എസ്.കെ. വസന്തന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍